Indo-Pak War 1971

in #india7 years ago

പാകിസ്ഥാന്റെ കീഴടങ്ങൽ -ബംഗ്ലാദേശ് വിമോചന യുദ്ധം -1971 --ഒരു ഓർമ്മപ്പെടുത്തൽ

വിഭജനത്തിനു ശേഷം രൂപം കൊണ്ട പാക്കിസ്ഥാൻ രണ്ടു ഭൂഭാഗങ്ങൾ ചേർന്നതായിരുന്നു .ഇന്നത്തെ പാകിസ്താനായ പശ്ചിമപാകിസ്താനും ,ഇന്നത്തെ ബംഗ്ലാദേശ് ഉൾപ്പെടുന്ന കിഴക്കൻ പാകിസ്താനും.എല്ലാ അധികാരങ്ങളും പശ്ചിമ പാകിസ്താനായിരുന്നു .കിഴക്കൻ പാകിസ്താനിലെ ജനങ്ങളെ നിർദ്ദയമായിട്ടാണ് പാക്കിസ്ഥാൻ പട്ടാളവും പോലീസും ചേർന്ന് നേരിട്ടത് ..പൗരാവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തിയ ദശ ലക്ഷകണക്കിന് ബംഗ്ളാദേശികളെയാണ് പാക്കിസ്ഥാൻ പട്ടാളവും അവരുടെ കങ്കാണിമാരും ചേർന്ന് കൊലപ്പെടുത്തിയത് .മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വംശ ഹത്യകളിലൊന്നായിരുന്നു അത് ..ഈ സാഹചര്യത്തിൽ ദശ ലക്ഷകണക്കിന് അഭയാർത്ഥികൾ കിഴക്കൻ പാകിസ്ഥാനിൽ നിന്നും നന്നുടെ നാട്ടിലേക്ക് പ്രവഹിച്ചു .ആ അഭയാർത്ഥി പ്രവാഹം ഭാരതത്തിന്റെ അതിർത്തിപ്രദേശങ്ങളെ അസ്ഥിരപ്പെടുത്താൻ തുടങ്ങുകയും പാക് വ്യോമസേനാ ഇന്ത്യയെ ആക്രമിക്കുകയും ചെയ്തപ്പോഴാണ് ഇന്ത്യ 1971 ഡിസംബർ മൂന്നിന് പാകിസ്താനോട് യുദ്ധം പ്രഖ്യാപിക്കുന്നത്
.
യുദ്ധത്തിന്റെ ചരിത്രം ദീർഘമായി പ്രതിപാദിക്കുന്നില്ല .കര വ്യോമ നാവിക മേഖലകളിൽ ദിവസങ്ങൾക്കകം പാക്കിസ്ഥാൻ പരാജയത്തിന്റെ കയ്പുനീർ കുടിച്ചു .ഇതിനിടയിൽ അവർ നിരായുധരായ ലക്ഷകണക്കിന് ബംഗ്ലാദേശികളെ വധിക്കുകയും ചെയ്തു..പത്തു ദിവസത്തെ യുദ്ധം കഴിഞ്ഞപ്പോൾ തന്നെ പാക്കിസ്ഥാൻ എല്ലാ അർഥത്തിലും പരാജയപ്പെട്ടിരുന്നു .1971ഡിസംബർ 16 ഇന് പതിമൂന്നു ദിവസത്തെ യുദ്ധത്തിന് ശേഷം പാക്കിസ്ഥാൻ സൈന്യം ഇന്ത്യൻ സൈന്യത്തിന് മുന്നിൽ നിരുപാധികം ആയുധം വച്ച് കീഴടങ്ങി.ബംഗ്ലാദേശ് പാകിസ്ഥാന്റെ കിരാത ഭരണത്തിൽനിന്നു രക്ഷപെട്ടു സ്വതന്ത്ര രാജ്യമായി.
കിഴക്കൻ പാകിസ്താനിലെ പാക് സൈനിക മേധാവി എ കെ നിയസി യാണ് ഇന്ത്യൻ ലഫ്റ്റനന്റ് ജനറൽ ജെ സ് അറോറാക് മുൻപിൽ കീഴടങ്ങൽ രേഖകൾ ഒപ്പുവച്ചു നിരുപാധികം കീഴടങ്ങിയത്. കീഴടങ്ങൽ കരാറിൽ ഒപ്പുവച്ച നിമിഷം തന്നെ നിയസി ഉൾപ്പെടെയുള്ള തൊണ്ണൂറായിരത്തിലധികം പാകിസ്ഥാൻ സൈനികർ യുദ്ധത്തടവുകാരായിത്തീർന്നു .
യുദ്ധത്തടവുകാരോടുള്ള ഇന്ത്യൻ സമീപനം ഉദാരപരമായിരുന്നു .തൊണ്ണൂറായിരം തടവുകാരെ നല്ലവണ്ണം തീറ്റിപ്പോറ്റി അവരെ സ്വരാജ്യത്തേക്കയക്കുകയാണ് നാം ചെയ്തത് .ഒരു പക്ഷെ യുദ്ധത്തടവുകാരോട് യുദ്ധത്തിൽ ജയിച്ച ഒരു രാജ്യം മനുഷ്യ ചരിത്രത്തിൽ എടുത്ത ഏറ്റവും ഉദാരമായ സമീപനമായിരുന്നു അത്..പരിഷ്കൃതരെന്നവകാശപെടുന്ന പാശ്ചാത്യ രാജ്യങ്ങളും ജപ്പാനുമെല്ലാം രണ്ടാം ലോകമഹായുദ്ധത്തിൽ യുദ്ധത്തടവുകാരായിപിടിച്ച അസംഖ്യം സൈനികരെ നിഷ്കരുണം വധിക്കുകയാണുണ്ടായത് എന്നതാണ് ചരിത്ര സത്യം .


ചിത്രം :പാകിസ്ഥാന്റെ കീഴടങ്ങൽ : എ കെ നിയാസി ജനറൽ ജെ എസ് അറോറക്കു മുൻപിൽ കീഴടങ്ങൽ രേഖ ഒപ്പുവയ്ക്കുന്നു
ചിത്രം കടപ്പാട് :വിക്കിമീഡിയ കോമൺസ്